Monday 6 March 2017

കണ്ണാടി -story

കണ്ണാടി
__________

അവൻ മരിച്ചിട്ട് ഇന്നേക്ക് രണ്ടാമത്തെ ദിവസമാണ്. അഗാധമായ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത് . രണ്ടു വർഷമായി ഞങ്ങൾ രണ്ടു പേരും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. ഒപ്പം നടന്നു ഒപ്പം ഉറങ്ങി എന്റെ മാത്രം എന്ന് തോന്നിപ്പിച്ച ഒരാൾ. അവനോടൊരുമിചു ജീവിച്ച രണ്ടു  വർഷത്തേക്കാൾ ദൈർഘ്യം ഏറിയതാണ് ആണ് അവനില്ലാത്ത രണ്ടു ദിവസങ്ങൾ.
 
അന്നും ഞങ്ങൾ ഒപ്പമുറങ്ങിയതാണ്. ഒരു പക്ഷെ ആദ്യമുറങ്ങിയത് ഞാനായിരിക്കണം.  സാധാരണ ആദ്യം എണീക്കുന്നത് ഞാനാണ്. ഉണർന്ന ഉടനെ ഞാനവനെ വിളിക്കാറാണ് പതിവ്. അവൻ എന്നെ വിളിച്ചുണർത്തുന്നത് വളരെ അപൂർവമാണ്.  എന്തോ അന്ന് അവനെ വിളിക്കാൻ തോന്നിയില്ല.
വിസ്തരിച്ചുള്ള പത്രം വായനക്ക് ശേഷം മുറിയിൽ നിന്ന് അവനെ തട്ടി വിളിച്ച ശേഷം ഒരു മൂളിപ്പാട്ടും പാടി അമ്മയുടെ കൊട്ടാരമായ അടുക്കളയിലേക്കു പോയി. അടുക്കളയിൽ  ചെന്ന് അന്നത്തെ  ദോശ യൊക്കെ കൺകുളിർക്കെ  കണ്ട് തിരിച്ചു മുറിയിൽ വന്നപ്പോഴും അവനുണർന്നിട്ടില്ല. അടുത്ത് ചെന്ന് നന്നായൊന്നു തട്ടി വിളിച്ചിട്ടും പുള്ളിക്കാരനു അനക്കമൊന്നും കാണാനില്ല. താങ്ങിയെടുത്തിട്ടും  കണ്ണ് തുറക്കാൻ അവൻ ഒരുക്കമല്ല.  എന്ത് സംഭവിച്ചെന്നറിയാതെ പത്രത്തിലെ നോട്ടു ചർച്ചയിൽ ഒന്ന് കൂടെ കണ്ണോടിച്ചു റൂമിൽ വന്നപ്പോഴും തഥൈവ. 
പിന്നെ വിളിച്ചില്ല. വിളിക്കണ്ടന്നു കരുതി. ഇനി തോന്നുമ്പോൾ എണീറ്റോളും.

ചെയ്യുന്ന ജോലിക്കൊക്കെ എവിടെയോ ഒരു ആത്മാർത്ഥത കുറവ് അനുഭവപ്പെടുന്നു.  ഉച്ചക്ക് ഒന്നൂടെ വിളിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും കടുത്ത നിരാശ തന്നെ ഫലം.

ആരെയും അറിയിച്ചിട്ടില്ല. അറിയിക്കാൻ എന്തെങ്കിലും ഉണ്ട്  എന്ന് തോന്നിയില്ല എന്നതാണ് സത്യം.  ഇങ്ങനെ പുറത്താരുമറിയാതെ  രണ്ടാമത്തെ ദിവസമാണ്. ഒരു പാട്  നേരം ചാർജ് ചെയ്തിട്ടും ഫലമില്ല. വിളിച്ചവർക്കൊക്കെ സ്വിച്ച് ഓഫ് എന്ന മറുപടി കിട്ടിയിരിക്കാനെ വഴിയുള്ളൂ.എങ്ങനെ സ്നേഹിച്ച ഫോൺ ആണ്. പണ്ടാരോ ചങ്ങാതിയെ കണ്ണാടികൊണ്ടു ഉപമിച്ചത് തികട്ടി വരുന്നു. താൻ ലോകത്തെ നോക്കിയ കണ്ണാടി കൺമുമ്പിൽ ഉടഞ്ഞു വീണിരിക്കുന്നത് കൺ മുന്നിൽ കണ്ട  ഒരു ഹതഭാഗ്യനാണ് ഞാൻ...
(ശുഭം)

ദിൽഷാദ് വി കെ പുല്ലാര

No comments:

Post a Comment