Thursday 11 May 2017

നടപ്പാതയിലെ കറുത്ത മരങ്ങൾ. ഭാഗം 2


"ആ കാഴ്ച കണ്ട് ഒരുവേള എല്ലാവരും സ്തബ്ധരായി. ചിലർ കണ്ണടച്ച് തിരുമ്മി തുറന്ന് നോക്കി. അല്ല. ഇത് സത്യമാണ്. എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. നിർവികാരതയുടെ അനന്തകോടി ബ്രഹ്മങ്ങൾ താണ്ടിയ പ്രതീതിയായിരുന്നു ഓരോരുത്തരുടെ മുഖത്തും."

"ഇജ് ഒന്ന് ബേഗം പറയെടോ. മൻസനെ ഒരു മാരി മക്കാറാക്കാ....."

ഇടക്ക് കയറി ബീരാൻകയാണ്.

ഹരിഹരൻ സിഗററ്റ് ഒന്ന് കൂടെ ആഞ്ഞു വലിച്ചു.  വായ അടച്ചു പിടിച്ച് മൂക്കിലൂടെ പുക പുറത്ത് വിട്ടു.
വീണ്ടും ഹരിഹരന്റെ ശബ്ദം പുറത്ത് വരാൻ തുടങ്ങി.

"കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂമിയും മലഞ്ചെരുവും  ചില രൂപങ്ങൾ കൊണ്ട് ഇടവിട്ടിടവിട്ട് തണലിട്ടിരിക്കുന്നു.

എല്ലാവരുടെയും കണ്ണുകൾ ആകാശത്തെ ലക്ഷ്യമാക്കി ഉയർന്നു. അവിടെ കണ്ട കാഴ്ച അവരെ നിലംപരിശാക്കും വിധം പരിഭ്രമിപ്പിച്ചു....  "

"നിക്ക്.... നിക്ക്.... ഒറ്റ മിനുറ്റ്..
ഗോപാലാ .. ഇജ് എണീറ്റ് ഒരു  കട്ടൻ അടിക്ക്.. ഇനി ഒരു കട്ടൻ ചായ  കുടിച്ചിട്ട് ബാക്കി പറഞ്ഞാ മതി.. . "

ഇതും പറഞ്ഞ് അലവിക്ക ഒരു  ബീഡി കത്തിച്ചു.

അരച്ച് തന്നാൽ വലിച്ചു കുടിക്കാനുള്ള ദേശ്യമുണ്ടായി അപ്പോൾ ഗോപാലേട്ടന്. ..

പിന്നെ രാവിലെ മുതൽ ഈ കട തുറന്ന് വെക്കുന്നത് ആർക്കാടാ ഗോപാലാ എന്ന് സ്വയം ചോദിച്ച് കൊണ്ട് ഗോപാലേട്ടൻ ഡിസ്‌കിൽ വെച്ച മുണ്ട് തോളത്തിട്ടു സമാവറിന്റെ അടുത്തേക്ക് പോയി.

"എന്നാ എനിക്കും ഒരു കട്ടൻ...! "

അലവിക്കക്ക് പിന്നാലെ
കമ്മുക്കയും തന്റെ ആവശ്യമുന്നയിച്ചു.

ഇതിനിടയിൽ ഹരിഹരൻ ചായക്കടയുടെ ചുമരിലേക്കും ഓലയിലേക്കും എന്തോ തിരയുന്നത് പോലെ കണ്ണോടിച്ചു കൊണ്ടിരുന്നു.  ഒടുവിൽ എന്തോ കണ്ടെത്തിയ പോലെ ഒന്ന് സമയമെടുത്ത് നിശ്വസിച്ചു.

"ന്നാ തുടങ്ങ്. ..! " ഗോപാലേട്ടനാണ്.. പുള്ളി ഈ ചുരുങ്ങിയ സമയത്തിനിടക്ക് അലവിക്കക്കും കമ്മുക്കക്കും ചായ കൊടുത്ത് ബെഞ്ചിൽ ഇരിക്കലും കഴിഞ്ഞിരുന്നു.

"ദാ..... ആ ചിലന്തി വല കണ്ടോ.."

മുമ്പ് തിരഞ്ഞു കണ്ടു പിടിച്ച ചിലന്തിവല ചൂണ്ടി ഹരിഹരൻ വീണ്ടും പറഞ്ഞു തുടങ്ങി.

"അത് പോലെ ആകാശത്ത് മുഴുവൻ വലിയ ചിലന്തി വല.

പക്ഷെ അതിൽ ചിലന്തിയില്ല ....

മറ്റെന്തെല്ലാമോ കാണുന്നുണ്ടെങ്കിലും ഒന്നും വ്യക്തമാകുന്നില്ലായിരുന്നു . എത്രയോ ഉയരത്തിലുള്ള ആ വലയുടെ കണ്ണികൾക്ക് താഴെ നിന്ന് നോക്കുമ്പോൾ പോലും ഏകദേശം ഒരു മുളയുടെ വീതി ഉണ്ടായിരുന്നു  ...
ഇത് കണ്ട ചിലർക്ക് ബോധം മറഞ്ഞു.     മറ്റു ചിലർ നിന്ന നിൽപ്പിൽ അവർ പോലുമറിയാതെ പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു. ചുരുക്കം ചില യുവാക്കളും മധ്യ വയസ്കരും ധൈര്യം കൈവിട്ടില്ല...


വലയുടെ ഒരറ്റം മലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റു ഒരറ്റവും ഒരാൾക്കും കാണാൻ കഴിഞ്ഞില്ല . അനന്തമായി അത് പരന്ന് കിടക്കുന്നു....

അവർ നാട്ടുതലവന്റെ സമീപത്തേക്ക് പോകാൻ തീരുമാനമായി. അവർ തലവന്റെ വീടിന് അടുത്ത് എത്തിയപ്പോൾ തന്നെ അവരെ പ്രതീക്ഷിച്ചിരുന്നത് പോലെ വീടിനകത്തിരിക്കുന്ന തലവൻ അവരെ  അകത്തേക്ക് വിളിച്ചു.

അവർ അകത്തു കയറി തലവന്റെ അടുത്തുള്ള വിരിപ്പിൽ കൂടിയിരുന്നു...

"ഗോപാലേട്ടാ.... ഇതാ പാൽ.. ഇന്ന് പാലിത്തിരി നേരം വൈകി. പുത്യേ പജ്‌ജ് കറക്കാൻ സമ്മയ്ക്കണ്ടേ...  

ബാപ്പ എടങ്ങേറായി* കുറെ നേരം എടുത്താ പാൽ കറന്നത്.. "

പാൽക്കാരൻ പയ്യൻ സൈക്കിൾ ന്റെ സ്റ്റാൻഡ് തട്ടി പാൽ ഗോപാലേട്ടന്റെ സമാവറിനടുത്ത് വെച്ച് ഗോപാലേട്ടന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ സൈക്കിൾ എടുത്ത് പോയി.

ഗോപാലേട്ടൻ സമാവറിനു നേരെ നോക്കി ഒന്നിരുത്തി മൂളി..

ഹരിഹരൻ തുടർച്ച നഷ്ടപ്പെട്ട പോലെ നെറ്റിയുടെ വലതു വശത്ത് വലത് കൈയിൽ ചൂണ്ടു വിരൽ വെച്ച് ആലോചിച്ചു കൊണ്ട് നിന്നു.. ശേഷം  തുടർന്നു.

"ചർച്ചയിൽ  ഇനി എന്ത് ചെയ്യണം എന്ന് ആർക്കും ഒരാശയവും മനസ്സിൽ വരുന്നില്ല. തലവൻ നിശബ്ദനായി ചിന്തിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ മുഖം താഴ്ത്തി ചിന്തിച്ചു കൊണ്ടിരിക്കുന്നു.. പെട്ടന്ന് ശക്തമായ  ഒരു ഇടി  മുഴക്കം അവിടെ അനുഭവപ്പെട്ടു.

ആ ശബ്ദത്തിന്റെ തീവ്രതയിൽ തലവന്റെ വീടിന്റെ ചുമറിന്റെ പല ഭാഗവും വിണ്ടു കീറിയിരുന്നു.

(തുടരും)

*എടങ്ങേറായി = പ്രയാസപ്പെട്ട്




     

Tuesday 9 May 2017

നടപ്പാതയിലെ കറുത്ത മരങ്ങൾ -ഭാഗം 1

നടപ്പാതയിലെ കറുത്ത മരങ്ങൾ-- ഭാഗം 1
(ദിൽഷാദ് വി കെ പുല്ലാര)
____________________________________

"മലമടക്കുകൾക്കിടയിൽ നിന്ന് ഗർജനം പതിവായി. ഇടവിട്ടിടവിട്ട സമയങ്ങളിൽ അത് ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു  . പിഞ്ചു കുഞ്ഞുങ്ങൾ പോലും അതിന്റെ ഗർജനത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു"

ഹരിഹരൻ ഒന്ന് നിർത്തി.

  ചായ ഗ്ലാസ് ചുണ്ടത്ത് വെച്ച് ചുറ്റും ഒന്ന് കണ്ണോടിച്ചു.
ശേഷം ഒരു സിഗററ്റ് കത്തിച്ചു. പുകചുരുളുകൾ ഗോപാലേട്ടന്റെ കടയുടെ ഓല മേഞ്ഞ മേൽക്കൂരക്കുള്ളിൽ അലിഞ്ഞില്ലാതായി.

എല്ലാവരും ഹരിഹരന്റെ മുഖത്തേക്കു തന്നെ നോക്കി കൊണ്ടിരിക്കുകയാണ്.

ഒരു സിഗററ്റ് വലിക്കാൻ ഹരിഹരൻ ഒരു വ്യാഴവെട്ടക്കാലം എടുത്തോ എന്ന്  തോന്നൽ പോലും പലർക്കുമുണ്ടായി.

മേശപ്പുറത്തു വെച്ച ഗ്ലാസിലേക് നോക്കി ഹരിഹരൻ സിഗററ്റ് കുറ്റി നിലത്തേക്കിട്ടു ചവിട്ടി കെടുത്തി .

ഹരിഹരന്റെ ചുണ്ടുകൾ വീണ്ടും ചലിക്കാൻ തുടങ്ങി.

"ചില ദിവസങ്ങളിൽ ശബ്ദത്തിന്റെ തീവ്രത അല്പം കൂടും. ചില ദിവസങ്ങളിൽ കുറയും.
ഇടവേളകളുടെ ദൈർഘ്യങ്ങൾ തമ്മിൽ പലപ്പോഴും വലിയ അന്തരമുണ്ടാവാറുണ്ട്.
ഗർജനത്തിന്റെ ഉറവിടം മനസ്സ്സിലായിരുന്നില്ല അപ്പോഴും.
ഒരു ഭാഗത്തേക്ക് ശ്രദ്ധിച്ചാൽ ആ ഭാഗത്ത് നിന്നാവും ശബ്ദം. മറ്റൊരു ഭാഗത്തേക്കാണ് ശ്രദ്ധിക്കുന്നതെങ്കിൽ ശബ്ദം അവിടുന്നാവും. നിശബ്ദത പോലും ചില സമയങ്ങളിൽ ഞങ്ങളെ ഭയപ്പെടുത്താറുണ്ടായിരുന്നു. "

"ഗോപാലാ.... ഒരു  ചായ കടുപ്പത്തിലിങ്ങോട്ട് പോരട്ടെ. "

നിശബ്ദതയെ ഭേദിച്ച് ബീരാൻക കടയിലേക്ക് കയറി വന്നു. ആരും തിരിഞ്ഞു നോക്കാതെ പല്ലിറുമ്മി.

"ന്താപ്പോ ഇബടെ എന്നുല്ലാത്ത ഒരു കൂട്ട ബർത്താനം. ആരേലും മജ്ജത്തായോ.."
ഹരിഹരന്റെ കേൾവിക്കാരെ നോക്കി ബീരാൻകയുടെ ചോദ്യം.

"ഇപ്പൊ ആരും മരിച്ചില്ല. ഒരുപാട് പേര് മരിച്ചാൻപോണ്..."
കണ്ണ് ഒരു പ്രത്യേക രൂപത്തിലാക്കി ബീരാൻക ക്കു നേരെ കഴുത്തു മാത്രം തിരിച്ചു അലവിക്കയുടെ മറുപടി..

ഇത് കേട്ട ബീരാൻക ഒരുനിമിഷം സ്തബ്ധനായി.

"മരിച്ചാൻ പോണെന്നോ.."
ബേജാറോടെ ബീരാൻക ചോദിച്ചു.

"അതെന്നേ... ഇജിബിടെ ഇരിക്ക് ബീരാനെ.. ഇബൻ ബാക്കി പറയട്ടെ."  കമ്മുക്കയുടെതാണു ശബ്ദം.

അപ്പോഴാണ് ബീരാൻക ആൾക്കൂട്ടത്തിന് നടുവിലിരിക്കുന്ന  ഹരിഹരനെ കാണുന്നത് .

"ആഹാ. ഇബനാരാ. ഇവിടടുത്തൊന്നും കണ്ടിട്ടില്ലല്ലോ. ന്താ കുട്ട്യേ അന്റെ പേര്.. ജ് എബടെള്ളതാ.."

അത് വരെ ആരും ഹരിഹരനോട്  അവന്റെ പേര് ചോദിച്ചില്ലായിരുന്നു.

"എന്റെ പേര് ഹരിഹരൻ. വീട് കുറച്ചകലെയാണ്.  അകലെ എന്ന് പറഞ്ഞാൽ ഒരു മാസത്തെ നടപ്പു ദൂരം കാണും.
വീട്ടിൽ അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്ട്. "

ഹരിഹരൻ ഒരു ഇറക്ക് ചായ കുടിച്ചു  തുടർന്നു.

"പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു നാടാണ് ഞങ്ങളുടേത് . അഞ്ചാറു ഭാഷകൾ സംസാരിക്കുന്നവരാണ് നാട്ടുകാർ. മലയാളം പൊതുവെ കുറച്ചു പേരെ ഉപയോഗിക്കാറുള്ളൂ. പുറം ലോകവുമായി നാടിനെ ബന്ധിപ്പിച്ചിരുന്ന ഒരേ ഒരു വസ്തു  ആഴ്ചയിൽ ഒരിക്കൽ വരുന്ന ചരക്ക് ലോറിയാണ്.ഒരാഴ്ച നാട്ടുകാർക്ക് മുഴുവൻ ജീവിക്കാനുള്ള ഏറെക്കുറെ സാധനങ്ങളൊക്കെ അതിൽ ഉണ്ടാവും. ഒരു മാസം മുമ്പുള്ള ചരക്ക് ലോറിയിൽ കയറിയാണ് ഞാനിങ്ങോട്ട് വന്നത്. അലഞ്ഞു തിരിഞ്ഞു ഇവിടെത്തിയപ്പോ ഇവരുടെ സ്നേഹം കണ്ട് എന്റെ കഥ ഇവരോടൊക്കെ   പറയാമെന്നു കരുതിയതാണ്"

ഹരിഹരൻ കൈയിന്റെ പുറം ഭാഗം കൊണ്ട് ചുണ്ടൊന്നു തുടച്ചു.

"ആ...ന്നാ പറ. ഞമ്മളും കൂടെ അന്റെ കഥ ഒന്ന് കേക്കട്ടെ...."

ബീരാൻക കമ്മുന്റെ അടുത്തിരുന്നു.

ബീരാൻക യുടെ മുന്നിൽ ചായ ഗ്ലാസ് വെച്ച് തോളത്തിട്ട മുണ്ടിൽ കൈ തോർത്തി ഗോപാലേട്ടനും അപ്പുറത്തിരുന്നു.

ഹരിഹരൻ തുടർന്നു.

"ഒരു ദിവസം രാവിലെ എണീറ്റ് മുറ്റത്തിറങ്ങിയ നാട്ടുകാർ കണ്ടത്  വൃദ്ധരെയും കുട്ടികളെയും സ്ത്രീകളെയും ഒരേ പോലെ ഭയപ്പെടുത്തുന്ന  കാഴ്ചയായിരുന്നു"

http://dilshadvkpullara.blogspot.in

(തുടരും)

http://dilshadvkpullara.blogspot.in/?m=1

Tuesday 2 May 2017

ജീവിതങ്ങൾ

മറക്കാൻ ശ്രമിക്കുന്നിടത്ത് നിന്ന് തുടങ്ങുന്ന ജീവിതത്തിലാണ് പുതിയ ഓർമകളുടെ അരങ്ങേറ്റം പെരുമ്പറ കൊട്ടുന്നത്.
വിടാതെ പിന്തുടരുന്ന ഓർമ ചെപ്പുകൾ സുഗന്ധം പരത്താൻ തുടങ്ങുമ്പോൾ വീണ്ടുമൊരു ജീവിതം തുടങ്ങുന്നു.
അങ്ങനെ ഒരു ജന്മത്തിൽ ഒരുപാട് ജീവിതങ്ങൾ...

Thursday 9 March 2017

ഓരം-poem


                        ഓരം
                   ____________
തടസ്സം ഞാനാണെന്ന് ഒരു മാത്ര മൊഴിയാൻ മനസ്സ്
കാണിച്ചിരുന്നെങ്കിൽ.
സ്നേഹക്കൂടൊരുക്കാൻ
മറ്റൊരു വൃക്ഷം തേടി അലയമായിരുന്നു.

സ്വപ്നങ്ങളിൽ വലിയ മതില്കെട്ടുകളായിരുന്നെങ്കിൽ.
ഞാൻ ഓരം നിന്ന് തരുമായിരുന്നു.
നിനക്ക് സഞ്ചരിക്കമായിരുന്നു.
ഞാനില്ലാത്ത വഴികളിലൂടെ.
സ്വപ്ന സുന്ദര പറുദീസയിലേക്ക്.

Monday 6 March 2017

ട്രക്ക് -story

ട്രക്ക്
_________
ബെർലിനിലെ മിനുസമേറിയ   ആ റോഡിലൂടെ അയാൾ അയാളുടെ പുതിയ  ട്രെക്കുമായി അതിവേഗത്തിൽ വരുകയാണ്.   നാലു വരി റോഡിൽ നിന്നും  ആറു വരി  റോഡിലേക്ക് പ്രവേശിച്ചപ്പോൾ അയാൾ ട്രക്ക് ന്റെ  വേഗത ഒന്ന് കൂടെ കൂട്ടി. 

ഒരുപാടു കാലം മറ്റുള്ള വരുടെ  ട്രെക്കിൽ ജോലിയെടുത്തു  പണം സ്വരൂപിച്ചു തികയാത്തതു  ബാങ്കിൽ നിന്ന് ലോണെടുത്താണ് പുതിയ ട്രക്ക് എന്ന തന്റെ ചിരകാല സ്വപ്നം പൂവണിയിച്ചത്. 

          ഒന്ന് രണ്ടു കിലോമീറ്റർ കൂടെ കഴിഞ്ഞാൽ തന്റെ പുതിയ ട്രെക്കിലെ  ആദ്യത്തെ ട്രിപ്പ് എടുക്കാം.  മൂന്ന് മണിക്കൂർ   മുൻപാണ് ജർമനിയിലെ തന്നെ ലീഡിങ് കമ്പനി ആയ പോസ്‌പേഡിൽ നിന്ന്  ലോഡിങ്ങിന് വേണ്ടി വിളി വന്നത് . അതെറ്റെടുക്കുകയും ചെയ്തു. ഒരു ലോഡിന് വേണ്ടി 85 കിലോമീറ്റർ സഞ്ചരിക്കുക എന്നൊക്കെ പറഞ്ഞാൽ  കുറച്ചു ക്രൂരം തന്നെ. പക്ഷെ ആദ്യത്തെ വിളി തന്നെ ക്യാൻസൽ ചെയ്യണ്ടല്ലോ എന്ന് ചിന്തിച്ചാണ് ഇതെറ്റെടുത്തത്.   

          നേരെയുള്ള റോഡ് ആയതിനാൽ ഇപ്പോൾ പോസ്‌പെട് എന്നെഴുതിയ ബോർഡ് ഒരു പൊട്ട് പോലെ കാണുന്നുണ്ട്.  അടുത്തെത്തും   തോറും അത് വലുതായി വന്നു. 

ഇപ്പോൾ ഏകദേശം വലുതായി തന്നെ കാണാം. പച്ചയും റോസ്സും കൂടിയ പെയിന്റ് കൊണ്ട് വളരെ മനോഹരമായി എഴുതിയിരിക്കുന്ന  ഒരു ബോർഡ് .

 ട്രക്ക്  കമ്പനി യുടെ  കവാടത്തിലെ ക്കു തിരിക്കുന്ന വഴിയിൽ റോഡിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്ന ചെറിയ മതിൽ പോലത്തെ തടം അയാൾ കണ്ടില്ല. ഒരു   ചെറിയ  ശബ്ദത്തോടെ   ട്രക്ക് അതിന്മേൽ തട്ടി നിന്നു. 

 ്ഒരു നിമിഷം എന്താണ് സംഭവിച്ചത്  എന്ന് പോലും ചിന്തിക്കാൻ അയാൾക്കായില്ല. ഏതോ ഒരുൾവിളി പോലെ വണ്ടിയിൽ  നിന്നിറങ്ങി്  നോക്കിയപ്പോൾ  ചെറുതായൊന്നു ഞെളുങ്ങിയിട്ടെ ഉള്ളൂ.  ്


 പുതിയ ട്രക്ക് . ആദ്യ ട്രിപ്പ്. ചിന്തിക്കാനുള്ള് ശേഷി  ഒരു നിമിഷം  അയാൾക്കു നഷ്ടപ്പട്ടു.    കുറച്ചു സമയത്തിന് ശേഷം അയാൾ സമനില വീണ്ടെടുത്ത് തൻറെ ട്രെക്കിൽ കയറി . വണ്ടി പിന്നോട്ടെടുത്  ശ്രദ്ധിച്ച്  ലോഡ് എടുത്തു. 

നേരത്തെയുണ്ടായ  സംഭവത്തിൽ നിന്നും പൂർണമായും അയാൾ  ഇപ്പോഴും മുക്തമായിട്ടില്ല.  

പോകുന്ന വഴിക്കു  ഒരുവർക്ക്  ഷോപ്പിൽ  വണ്ടി കയറ്റി ഞെളുക്കു നിവർത്തി .  ബാങ്കിൽ നിന്ന്  ലോൺ എടുത്ത  ബാക്കിയുള്ള തിൽ നിന്ന് 1020 യൂറോ അവിടെ ചെലവായി. വീണ്ടും ഇനി കഷ്ടിച്ച് കയ്യിൽ 3000 യൂറോ മാത്രമേ ഉള്ളൂ. ബാങ്കിലെ ഇന്നത്തെ  ഇൻസ്റ്റാൾമെന്റ് അടക്കാനേ അത് തികയൂ. ഈ ട്രിപ്പ് കഴിഞ്ഞാൽ ഏകദേശം 15000 യൂറോ കിട്ടും. പക്ഷെ മുതൽ ഭദ്രമായി അവിടെ എത്തിക്കണം.

ഇപ്പോൾ  ട്രക്ക് സഞ്ചരിക്കുന്നത്് മലനിരകൽകിടയിലുള്ള  വീതി കുറഞ്ഞ റോഡിലൂടെയാണ്.
റോഡിൻറെ ഇരുവശത്തും മരങ്ങൾ ഭൂമിക്കു തണലിട്ടിരിക്കുന്നു.  100 കിലോമീറ്റർ സ്പീഡിൽ ഈ റോഡിലൂടെ പോകുന്ന ഒരേ ഒരു ഡ്രൈവർ ഒരു പക്ഷെ അയാളായിരിക്കാം. മറ്റുള്ളവരുടെ ട്രെക്കിൽ  ജോലി ചെയ്യുമ്പോൾ ഈ റോഡിലൂടെ 60 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിക്കുമ്പോയെല്ലാം അയാൾ ചിന്തിച്ചിരുന്നത്  തന്റെ സ്വന്തം ട്രെക്കിൽ  ഈ റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ എന്ന സ്വപ്നമായിരുന്നു. അതദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നു.ഇന്നത്തെ ഈ പകലത്തിന് സാക്ഷി.

ആലോചന കൾ കിടയിലാണ് പൊടുന്നനെ തൊട്ടുമുമ്പിൽ ഒരു നീല കളർ  കാർ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്. എന്തെങ്കിലും  ചെയ്യാൻ കഴിയുന്നതിനു മുമ്പ് തന്റെ   ട്രെക്കിന്റെ മുൻഭാഗം  കാറിന്റെ ഡിക്കി തകർത്തു കളഞ്ഞിരിക്കുന്നു.  

എപ്പോഴാണിതെന്നെ മറികടന്നത്. 

അങ്ങനെ ഉണ്ടാവാൻ വഴിയില്ല. 

എപ്പോയോ മുമ്പിൽ പോയ കാർ ആകും അത് .  

അങ്ങനെ ആണെങ്കിൽ ഞാനതിനെ കുറച്ചു പിന്നിൽ നിന്നെ  കാണേണ്ടതല്ലേ.  എന്താണ് സംഭവമെന്നറിയാതെ സ്റ്റിയറിങ്്ങിൽ കൈ മുട്ട് വെച്ച് കൈപ്പത്തി താടിക്ക് കൊടുതു  കുറച്ചു നേരം അയാൾ അങ്ങനെ തന്നെ ഇരുന്നു. 

കാറിൽ നിന്ന് ഒരു ആജാനു ബാഹു  ആയ ഒരു  മനുഷ്യൻ ഇറങ്ങി വന്നു. കൂടുതൽ തർക്കത്തിന് നിൽക്കാതെ അദ്ദേഹം ചോദിച്ച 400 യൂറോ  അങ് എടുത്തു  കൊടുത്തു. 

 മനസിലൊന്നും ചിന്തിക്കാതെ യാത്ര തുടർന്നു.  ഇനി  അൺലോഡ് ചെയ്യേണ്ട സ്ഥലമെത്താൻ  വെറും 25  കിലോമീറ്റർ  മാത്രം . വെറും 3 മണിക്കൂർ കൊണ്ടാണ്  അയാൾ 200 കിലോമീറ്റർ പിന്നിട്ടത്.   സഞ്ചരിക്കാനുള്ള  കിലോമീറ്റർ കൾ 20,15  എന്നീ സംഖ്യകളിലേക്ക് മാറി.ഇനി വെറും 10 കിലോമീറ്റർ. 

തന്റെ സ്വന്തം  ട്രെക്കിലെ ആദ്യത്തെ ജോലി കഴിയാൻ ഇനി വെറും 10 കിലോമീറ്റർ കൂടി.

 അതിനായാൾക് വെറും 10 മിനിറ്റ് മാത്രമേ വേണ്ടൂ. ട്രക്ക്  ഒരു  ട്രെക്കിന് പോകാൻ മാത്രം വീതിയുള്ള റോഡിലേക്ക് പ്രവേശിച്ചിരിക്കുന്നു. അയാൾ വേഗത 50 ലേക് കുറച്ചു.

 ഇനി ഒരു അപകടം ഉണ്ടായി കൂടാ .  

ഇനി  വെറുംഒരു കിലോമീറ്റർ . ഒരു 30 സെക്കന്റ് കൂടെ സഞ്ചരിച്ചപ്പോൾ കമ്പനി യുടെ ബോർഡ് പ്രത്യക്ഷപ്പെട്ടു  തുടങ്ങി.  . 

ഇപ്പോൾ കുറച്ചു കൂടെ അടുത്ത്. ബോർഡ് വ്യക്തമായി കാണാം. നേരത്തെ ലോഡ് എടുക്കുന്നിടത് കണ്ട  അതെ ബോർഡ് തന്നെ. 'പോസ്‌പെട്'.   

നേരത്തെ തന്റെ വണ്ടിയിടിച്ച  മതിൽ അവിടെ ഇല്ലായിരുന്നു. 

അയാൾ ട്രക്ക് മായി കമ്പനി യുടെ കവാടം കടന്നു. അണ്ലോഡിങ് ഏരിയ യിലേക്ക്  ട്രെക്കിനെ എത്തിച്ചു ലോർഡ്  അണ്ലോഡ് ചെയ്ത് തുടങ്ങി. സ്വന്തം ട്രെക്കിലെ ആദ്യത്തെ  അണ്ലോഡിങ്. 

മനസ്സിൽ കുളിർമഴ  പെയ്യുന്നുണ്ടായിരുന്നു.  കൂലിയായി കിട്ടിയത് 15000 യൂറോ.  

ബാങ്ക് ലോൺ അടയ്ക്കാനും ട്രക്ക്  മൈൻറെനേൻസ് നും വേണ്ടത് കിട്ടിയിരിക്കുന്നു.

ഇനി അടുത്ത ട്രിപ്പ് നാളെ എടുക്കാം. 1 മണിക്കൂർ ആയി ഈ ഗെയിം  തന്നെ  കളിയ്ക്കാൻ തുടങ്ങിയിട്ട്. .  കമ്പ്യൂട്ടറിലേക്ക് നോക്കി കണ്ണ് വേദനിക്കാൻ തുടങ്ങിയിരിക്കുന്നു. നാളെ നല്ല ഒരു ട്രിപ്പ് എടുക്കണം. സത്യത്തിൽ ഈ euro truck simulater 2 ഒരു സംഭവം  തന്നാ. GTA vice city പോലും ഞാൻ ഇത്ര ആത്മാർത്ഥത യോടെ കളിചിട്ടില്ല.

കണ്ണാടി -story

കണ്ണാടി
__________

അവൻ മരിച്ചിട്ട് ഇന്നേക്ക് രണ്ടാമത്തെ ദിവസമാണ്. അഗാധമായ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത് . രണ്ടു വർഷമായി ഞങ്ങൾ രണ്ടു പേരും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. ഒപ്പം നടന്നു ഒപ്പം ഉറങ്ങി എന്റെ മാത്രം എന്ന് തോന്നിപ്പിച്ച ഒരാൾ. അവനോടൊരുമിചു ജീവിച്ച രണ്ടു  വർഷത്തേക്കാൾ ദൈർഘ്യം ഏറിയതാണ് ആണ് അവനില്ലാത്ത രണ്ടു ദിവസങ്ങൾ.
 
അന്നും ഞങ്ങൾ ഒപ്പമുറങ്ങിയതാണ്. ഒരു പക്ഷെ ആദ്യമുറങ്ങിയത് ഞാനായിരിക്കണം.  സാധാരണ ആദ്യം എണീക്കുന്നത് ഞാനാണ്. ഉണർന്ന ഉടനെ ഞാനവനെ വിളിക്കാറാണ് പതിവ്. അവൻ എന്നെ വിളിച്ചുണർത്തുന്നത് വളരെ അപൂർവമാണ്.  എന്തോ അന്ന് അവനെ വിളിക്കാൻ തോന്നിയില്ല.
വിസ്തരിച്ചുള്ള പത്രം വായനക്ക് ശേഷം മുറിയിൽ നിന്ന് അവനെ തട്ടി വിളിച്ച ശേഷം ഒരു മൂളിപ്പാട്ടും പാടി അമ്മയുടെ കൊട്ടാരമായ അടുക്കളയിലേക്കു പോയി. അടുക്കളയിൽ  ചെന്ന് അന്നത്തെ  ദോശ യൊക്കെ കൺകുളിർക്കെ  കണ്ട് തിരിച്ചു മുറിയിൽ വന്നപ്പോഴും അവനുണർന്നിട്ടില്ല. അടുത്ത് ചെന്ന് നന്നായൊന്നു തട്ടി വിളിച്ചിട്ടും പുള്ളിക്കാരനു അനക്കമൊന്നും കാണാനില്ല. താങ്ങിയെടുത്തിട്ടും  കണ്ണ് തുറക്കാൻ അവൻ ഒരുക്കമല്ല.  എന്ത് സംഭവിച്ചെന്നറിയാതെ പത്രത്തിലെ നോട്ടു ചർച്ചയിൽ ഒന്ന് കൂടെ കണ്ണോടിച്ചു റൂമിൽ വന്നപ്പോഴും തഥൈവ. 
പിന്നെ വിളിച്ചില്ല. വിളിക്കണ്ടന്നു കരുതി. ഇനി തോന്നുമ്പോൾ എണീറ്റോളും.

ചെയ്യുന്ന ജോലിക്കൊക്കെ എവിടെയോ ഒരു ആത്മാർത്ഥത കുറവ് അനുഭവപ്പെടുന്നു.  ഉച്ചക്ക് ഒന്നൂടെ വിളിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും കടുത്ത നിരാശ തന്നെ ഫലം.

ആരെയും അറിയിച്ചിട്ടില്ല. അറിയിക്കാൻ എന്തെങ്കിലും ഉണ്ട്  എന്ന് തോന്നിയില്ല എന്നതാണ് സത്യം.  ഇങ്ങനെ പുറത്താരുമറിയാതെ  രണ്ടാമത്തെ ദിവസമാണ്. ഒരു പാട്  നേരം ചാർജ് ചെയ്തിട്ടും ഫലമില്ല. വിളിച്ചവർക്കൊക്കെ സ്വിച്ച് ഓഫ് എന്ന മറുപടി കിട്ടിയിരിക്കാനെ വഴിയുള്ളൂ.എങ്ങനെ സ്നേഹിച്ച ഫോൺ ആണ്. പണ്ടാരോ ചങ്ങാതിയെ കണ്ണാടികൊണ്ടു ഉപമിച്ചത് തികട്ടി വരുന്നു. താൻ ലോകത്തെ നോക്കിയ കണ്ണാടി കൺമുമ്പിൽ ഉടഞ്ഞു വീണിരിക്കുന്നത് കൺ മുന്നിൽ കണ്ട  ഒരു ഹതഭാഗ്യനാണ് ഞാൻ...
(ശുഭം)

ദിൽഷാദ് വി കെ പുല്ലാര

സ്വാഗതം

ഇതെന്റെ രക്തമാണിതെന്റെ മാംസമാണിതെടുത്തു കൊൾക