Thursday 11 May 2017

നടപ്പാതയിലെ കറുത്ത മരങ്ങൾ. ഭാഗം 2


"ആ കാഴ്ച കണ്ട് ഒരുവേള എല്ലാവരും സ്തബ്ധരായി. ചിലർ കണ്ണടച്ച് തിരുമ്മി തുറന്ന് നോക്കി. അല്ല. ഇത് സത്യമാണ്. എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. നിർവികാരതയുടെ അനന്തകോടി ബ്രഹ്മങ്ങൾ താണ്ടിയ പ്രതീതിയായിരുന്നു ഓരോരുത്തരുടെ മുഖത്തും."

"ഇജ് ഒന്ന് ബേഗം പറയെടോ. മൻസനെ ഒരു മാരി മക്കാറാക്കാ....."

ഇടക്ക് കയറി ബീരാൻകയാണ്.

ഹരിഹരൻ സിഗററ്റ് ഒന്ന് കൂടെ ആഞ്ഞു വലിച്ചു.  വായ അടച്ചു പിടിച്ച് മൂക്കിലൂടെ പുക പുറത്ത് വിട്ടു.
വീണ്ടും ഹരിഹരന്റെ ശബ്ദം പുറത്ത് വരാൻ തുടങ്ങി.

"കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഭൂമിയും മലഞ്ചെരുവും  ചില രൂപങ്ങൾ കൊണ്ട് ഇടവിട്ടിടവിട്ട് തണലിട്ടിരിക്കുന്നു.

എല്ലാവരുടെയും കണ്ണുകൾ ആകാശത്തെ ലക്ഷ്യമാക്കി ഉയർന്നു. അവിടെ കണ്ട കാഴ്ച അവരെ നിലംപരിശാക്കും വിധം പരിഭ്രമിപ്പിച്ചു....  "

"നിക്ക്.... നിക്ക്.... ഒറ്റ മിനുറ്റ്..
ഗോപാലാ .. ഇജ് എണീറ്റ് ഒരു  കട്ടൻ അടിക്ക്.. ഇനി ഒരു കട്ടൻ ചായ  കുടിച്ചിട്ട് ബാക്കി പറഞ്ഞാ മതി.. . "

ഇതും പറഞ്ഞ് അലവിക്ക ഒരു  ബീഡി കത്തിച്ചു.

അരച്ച് തന്നാൽ വലിച്ചു കുടിക്കാനുള്ള ദേശ്യമുണ്ടായി അപ്പോൾ ഗോപാലേട്ടന്. ..

പിന്നെ രാവിലെ മുതൽ ഈ കട തുറന്ന് വെക്കുന്നത് ആർക്കാടാ ഗോപാലാ എന്ന് സ്വയം ചോദിച്ച് കൊണ്ട് ഗോപാലേട്ടൻ ഡിസ്‌കിൽ വെച്ച മുണ്ട് തോളത്തിട്ടു സമാവറിന്റെ അടുത്തേക്ക് പോയി.

"എന്നാ എനിക്കും ഒരു കട്ടൻ...! "

അലവിക്കക്ക് പിന്നാലെ
കമ്മുക്കയും തന്റെ ആവശ്യമുന്നയിച്ചു.

ഇതിനിടയിൽ ഹരിഹരൻ ചായക്കടയുടെ ചുമരിലേക്കും ഓലയിലേക്കും എന്തോ തിരയുന്നത് പോലെ കണ്ണോടിച്ചു കൊണ്ടിരുന്നു.  ഒടുവിൽ എന്തോ കണ്ടെത്തിയ പോലെ ഒന്ന് സമയമെടുത്ത് നിശ്വസിച്ചു.

"ന്നാ തുടങ്ങ്. ..! " ഗോപാലേട്ടനാണ്.. പുള്ളി ഈ ചുരുങ്ങിയ സമയത്തിനിടക്ക് അലവിക്കക്കും കമ്മുക്കക്കും ചായ കൊടുത്ത് ബെഞ്ചിൽ ഇരിക്കലും കഴിഞ്ഞിരുന്നു.

"ദാ..... ആ ചിലന്തി വല കണ്ടോ.."

മുമ്പ് തിരഞ്ഞു കണ്ടു പിടിച്ച ചിലന്തിവല ചൂണ്ടി ഹരിഹരൻ വീണ്ടും പറഞ്ഞു തുടങ്ങി.

"അത് പോലെ ആകാശത്ത് മുഴുവൻ വലിയ ചിലന്തി വല.

പക്ഷെ അതിൽ ചിലന്തിയില്ല ....

മറ്റെന്തെല്ലാമോ കാണുന്നുണ്ടെങ്കിലും ഒന്നും വ്യക്തമാകുന്നില്ലായിരുന്നു . എത്രയോ ഉയരത്തിലുള്ള ആ വലയുടെ കണ്ണികൾക്ക് താഴെ നിന്ന് നോക്കുമ്പോൾ പോലും ഏകദേശം ഒരു മുളയുടെ വീതി ഉണ്ടായിരുന്നു  ...
ഇത് കണ്ട ചിലർക്ക് ബോധം മറഞ്ഞു.     മറ്റു ചിലർ നിന്ന നിൽപ്പിൽ അവർ പോലുമറിയാതെ പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു. ചുരുക്കം ചില യുവാക്കളും മധ്യ വയസ്കരും ധൈര്യം കൈവിട്ടില്ല...


വലയുടെ ഒരറ്റം മലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറ്റു ഒരറ്റവും ഒരാൾക്കും കാണാൻ കഴിഞ്ഞില്ല . അനന്തമായി അത് പരന്ന് കിടക്കുന്നു....

അവർ നാട്ടുതലവന്റെ സമീപത്തേക്ക് പോകാൻ തീരുമാനമായി. അവർ തലവന്റെ വീടിന് അടുത്ത് എത്തിയപ്പോൾ തന്നെ അവരെ പ്രതീക്ഷിച്ചിരുന്നത് പോലെ വീടിനകത്തിരിക്കുന്ന തലവൻ അവരെ  അകത്തേക്ക് വിളിച്ചു.

അവർ അകത്തു കയറി തലവന്റെ അടുത്തുള്ള വിരിപ്പിൽ കൂടിയിരുന്നു...

"ഗോപാലേട്ടാ.... ഇതാ പാൽ.. ഇന്ന് പാലിത്തിരി നേരം വൈകി. പുത്യേ പജ്‌ജ് കറക്കാൻ സമ്മയ്ക്കണ്ടേ...  

ബാപ്പ എടങ്ങേറായി* കുറെ നേരം എടുത്താ പാൽ കറന്നത്.. "

പാൽക്കാരൻ പയ്യൻ സൈക്കിൾ ന്റെ സ്റ്റാൻഡ് തട്ടി പാൽ ഗോപാലേട്ടന്റെ സമാവറിനടുത്ത് വെച്ച് ഗോപാലേട്ടന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ സൈക്കിൾ എടുത്ത് പോയി.

ഗോപാലേട്ടൻ സമാവറിനു നേരെ നോക്കി ഒന്നിരുത്തി മൂളി..

ഹരിഹരൻ തുടർച്ച നഷ്ടപ്പെട്ട പോലെ നെറ്റിയുടെ വലതു വശത്ത് വലത് കൈയിൽ ചൂണ്ടു വിരൽ വെച്ച് ആലോചിച്ചു കൊണ്ട് നിന്നു.. ശേഷം  തുടർന്നു.

"ചർച്ചയിൽ  ഇനി എന്ത് ചെയ്യണം എന്ന് ആർക്കും ഒരാശയവും മനസ്സിൽ വരുന്നില്ല. തലവൻ നിശബ്ദനായി ചിന്തിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ മുഖം താഴ്ത്തി ചിന്തിച്ചു കൊണ്ടിരിക്കുന്നു.. പെട്ടന്ന് ശക്തമായ  ഒരു ഇടി  മുഴക്കം അവിടെ അനുഭവപ്പെട്ടു.

ആ ശബ്ദത്തിന്റെ തീവ്രതയിൽ തലവന്റെ വീടിന്റെ ചുമറിന്റെ പല ഭാഗവും വിണ്ടു കീറിയിരുന്നു.

(തുടരും)

*എടങ്ങേറായി = പ്രയാസപ്പെട്ട്




     

No comments:

Post a Comment